തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം. വനിത ഡോക്ടറെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സമരം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികിൽസ എന്നിവയെ സമരം ബാധിക്കും.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പിജി ഡോക്ടർമാർക്കൊപ്പം മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ചേർന്നാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു. ആശുപത്രി ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഐഎംഎ വ്യക്തമാക്കി
ബുധനാഴ്ച പുലച്ചെയാണ് ന്യൂറോ സർജറി വിഭാഗത്തിലെ വനിത ഡോക്ടറെ രോഗിയുടെ ഭർത്താവ് തള്ളിയിട്ട് വയറ്റിൽ ചവിട്ടിയത്. ചികിൽസയിലായിരുന്ന ഭാര്യയുടെ മരണ വിവരം അറിയിച്ചപ്പോഴായിരുന്നു അക്രമം. കൊല്ലം സ്വദേശി സെന്തിൽകുമാറിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നതിലാണ് ഡോക്ടർമാർ പ്രതിഷേധം കടുപ്പിക്കുന്നത്