തെലങ്കാന: അമരാവതിയിൽ ഫാർമസിസ്റ്റിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നിൽ വിദേശ ബന്ധത്തിന് തെളിവുകളുണ്ടെന്ന് എൻഐഎ. കൊലപാതകത്തിന് മുൻപ് പ്രതികളുടെ ഫോണിലേക്ക് വിദേശത്ത് നിന്ന് ഫോൺ വിളികൾ എത്തിയെന്ന് അന്വേഷണ സംഘം എൻഐഎ കോടതിയെ അറിയിച്ചു. മൂന്ന് പ്രതികളുടെ ഫോണുകളിലേക്കാണ് വിളികൾ എത്തിയത്. വിദേശത്തും ബന്ധുക്കൾ ഉണ്ടെന്നും അവരാണ് വിളിച്ചതെന്നും പ്രതിഭാഗവും വാദിച്ചു.
കസ്റ്റഡി കാലാവധി തീരുന്നതിന്‍റെ ഭാഗമായി പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ വാദങ്ങൾ. എൻഐഎ കസ്റ്റഡി അടുത്ത വെള്ളിയാഴ്ച വരെ കോടതി നീട്ടി. ജൂൺ 21നാണ് ഫാർമസിസ്റ്റായ ഉമേഷ് കോലെയെ രണ്ടംഗ സംഘം കഴുത്തറുത്ത് കൊന്നത്. ബിജെപി നേതാവ് നുപുർ ശർമ്മയെ അനുകൂലിച്ച് വാട്സ് ആപ്പ് സന്ദേശം അയച്ചതിലെ പകയെ തുടർന്നാണ് കൊലപാതകമെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കേസിൽ 7 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.