തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടകള്‍ ആക്രമണം നടത്തി. ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിലക്കിയതാണ് പ്രകോപനം. കൈയ്ക്കു വെട്ടേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പമ്പില്‍ പെട്രോളടിക്കുന്നതിനായി രണ്ടു യുവാക്കള്‍ ബൈക്കില്‍ എത്തി. ഇതിനിടെ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ജീവനക്കാരന് വിലക്കി. ഇതു വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. ഇതിനുശേഷം പമ്പില്‍നിന്നു മടങ്ങിയ യുവാക്കള്‍ കൂടുതല്പേരുമായി തിരിച്ചെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. നാല് പേര് അടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ഇതു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.