ഭോപ്പാൽ∙ മധ്യപ്രദേശിൽ ഫോൺപേയുടെ ലോഗോ ഉപയോഗിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കോൺഗ്രസ് നടത്തുന്ന പോസ്റ്റർ ക്യാംപെയ്നിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കമ്പനി. ഫോൺപേയുടെ ചിഹ്നത്തോടു കൂടിയ പോസ്റ്ററിൽ ക്യൂആർ കോഡിന്റെ സ്ഥാനത്ത് ശിവരാജ് ചൗഹാന്റെ ചിത്രം ഉപയോഗിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റർ. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പറഞ്ഞാണ് പോസ്റ്റർ എത്തിയത്. തലസ്ഥാന നഗരമായ ഭോപ്പാലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ജോലി നൽകുന്നതിനായി മുഖ്യമന്ത്രി കൈക്കൂലി വാങ്ങുന്നതായാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. ‘നിങ്ങളുടെ ജോലിക്കായി 50 ശതമാനം കമ്മിഷൻ നൽകണം’– എന്ന കുറിപ്പോടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കമ്പനിയുടെ പേരും ലോഗോയും അനാവശ്യമായി ഉപയോഗപ്പെടുത്തിയതിനെതിരെ ഫോൺപേ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. ‘‘കമ്പനിയുടെ ലോഗോ അനാവശ്യമായി ഉപയോഗപ്പെടുത്തുന്നതിന് ഫോൺപേ എതിരാണ്. രാഷ്ട്രീയപരമായോ അല്ലാതെയോ കമ്പനിയുടെ ലോഗോ ഉപയോഗിക്കാൻ അനുവദിക്കില്ല. ഒരു പാർട്ടിയുടെയും രാഷ്ട്രീയ പ്രചാരണവുമായി ഞങ്ങൾക്കു ബന്ധമില്ല’’– എന്നാണ് കമ്പനി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വ്യക്തമാക്കിയത്. കമ്പനിയുടെ പേരും ലോഗോയും ഉപയോഗിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും മധ്യപ്രദേശ് കോൺഗ്രസ് പാർട്ടിയോടു ഫോൺപേ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും ഫോൺപേ മുന്നറിയിപ്പു നൽകി.