ലക്നൗ: അൽഖയ്ദ തലവനായിരുന്ന ഭീകരവാദി ഭീകരൻ ഒസാമ ബിൻ ലാദന്‍റെ ഫോട്ടോ സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ സൂക്ഷിച്ച ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് യോഗി സർക്കാർ. ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ എസ്‌ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടത് . ഗൗതം തന്റെ ഓഫീസിനുള്ളില്‍ ലാദന്‍റെ ചിത്രം ഒട്ടിച്ച് വച്ചിരുന്നു. 2022ലാണ് സംഭവം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥനെ പിരിച്ച് വിടാന്‍ തീരുമാനമായത്.
രവീന്ദ്ര പ്രകാശ് ലാദനോടുള്ള ആരാധനയുടെ ഭാഗമായാണ് ചിത്രം തന്‍റെ ഓഫീസിനുള്ളില്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ രവീന്ദ്ര പ്രകാശ് ഗൗതമിനെ പിരിച്ചുവിടാൻ കഴിഞ്ഞ തിങ്കളാഴ്ച യുപിപിസിഎൽ ചെയർമാൻ എം ദേവരാജ് ഉത്തരവിടുകയായിരുന്നു. 2022 ജൂണിൽ ആണ് രവീന്ദ്ര പ്രകാശിന്‍റെ ഓഫസിനുള്ളില്‍ ബിന്‍ ലാദന്‍റെ ഫോട്ടോ കണ്ടെത്തിയത്. ഫറൂഖാബാദ് ജില്ലയിലെ കായംഗഞ്ച് സബ്ഡിവിഷൻ-II ഓഫീസില്‍ ജോലി നോക്കുമ്പോഴായിരുന്നു സംഭവം.
സംഭവം വിവാദമായതോടെ ഗൗതമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് വകുപ്പ് തല അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. എന്നാൽ ഇത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്നുമായിരുന്നു ഗൗതമിന്‍റെ പ്രതികരണം. സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും ഗൗതം മാപ്പ് പറയാൻ വിസമ്മതിച്ചു. തന്റെ പ്രവൃത്തിയെ ന്യായീകരിച്ച ഗൗതം 9/11 സംഭവത്തോടെയാണ് താന്‍ ലാദന്‍റെ ആരാധകനായതെന്നാണ് വിശദീകരണം നല്‍കിയത്.
മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ കൊലപ്പെടുത്തിയതിനെയും ന്യായീകരിച്ച് തന്‍റെ വാദങ്ങളാണ് ശരിയെന്ന് ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് രവീന്ദ്ര പ്രകാശിനെതിരെ വകുപ്പ്തല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് യുപിപിസിഎൽ ചെയർമാൻ ഇയാളെ പുറത്താക്കി ഉത്തരവിറക്കിയത്. സസ്പെൻഷൻ കത്ത് നൽകിയപ്പോൾ രവീന്ദ്ര ഗൗതം എംഡിയോട് കത്തിലൂടെ അശ്ലീലഭാഷയിൽ സംസാരിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്.