വയനാട് : വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. രോഗം സ്ഥിരീകരിച്ച ഒരു ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ഈ ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെയാണ് സാംപിൾ പരിശോധനക്ക് അയച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി.അന്യ സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് മ്യഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കും.ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതി ഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികിൽസയോ വാക്സീനോ നിലവിലില്ല.വൈറസ് രോഗമായതിനാൽ പെട്ടെന്ന് പടരാമെന്നതും അതി ജാഗ്രത ആവശ്യപ്പെടുന്നു. വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ പന്നി ഫാമുകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ സർക്കാരിനെ അറിയിക്കണമെന്നാണ് നിർദേശം.