തിരുവനന്തപുരം: പാർട്ടിയോട് ഉടക്ക് തുടർന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. ഇന്നത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. വൈകീട്ട് തിരുവനന്തപുരത്തു നടക്കുന്ന പാർട്ടിയുടെ യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇത് ആദ്യമായല്ല ഇ പി പാർട്ടി പരിപാടിയോട് മുഖം തിരിക്കുന്നത്.
നേരത്തെ കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെ ഓർമദിനത്തിലെ പുഷ്പാർച്ചനയിൽ പിബി അംഗം എ വിജയരാഘവനൊപ്പം ഇ പിയും പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാൽ ഇപി ചടങ്ങിന് എത്തിയില്ല. എന്നാൽ അതൃപ്തിയില്ലെന്നും ചികിത്സയിലെന്നുമാണ് ഇ പി വിട്ടുനിന്നതിനെക്കുറിച്ച് എം വി ജയരാജൻ പ്രതികരിച്ചത്. ജാവദേക്കർ കൂടിക്കാഴ്ചയുടെ പേരിൽ മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ കലങ്ങി മറച്ചിലുകൾക്കിടക്ക് ഇ പി ജയരാജനെതിരെ റിസോര്‍ട്ട് വിവാദം ആളിക്കത്തിച്ചത് പി ജയരാജനായിരുന്നു. 2022 ലായിരുന്നു വൈദേകം ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവിൽ ഇപിക്ക് വഴിവിട്ട ഇടപെടലുകളുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനവും അടക്കം ഗുരുതര ആക്ഷേപങ്ങൾ പാര്‍ട്ടിക്ക് മുന്നിലെത്തിയത്. സംസ്ഥാന സമിതിയിലുന്നയിച്ച ആക്ഷേപം എഴുതി നൽകാനായിരുന്നു പി ജയരാജനോട് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് ഇപിയെ നീക്കിയ കാര്യം സംസ്ഥാന സമിയിൽ എം വി ഗോവിന്ദൻ അറിയിച്ചതിന് പിന്നാലെ തന്റെ പരാതിയിൽ എന്ത് നടപടി എടുത്തെന്ന് പി ജയരാജൻ ചോദിച്ചിരുന്നു. അതിപ്പോൾ പരിഗണിച്ചിട്ടില്ലെന്നായിരുന്നു എം വി ഗോവിന്ദൻ നല്‍കിയ മറുപടി. മാത്രമല്ല ഇപിയെ പുറത്താക്കിയതിന് കാരണം ചോദിച്ച സംസ്ഥാന സമിതി അംഗങ്ങൾക്കും കൃത്യമായ ഉത്തരം കിട്ടിയില്ല.
പിബി തീരുമാനം എന്ന നിലയിൽ എംവി ഗോവിന്ദൻ പറയും വരെ പാര്‍ട്ടി നടപടി വരുന്ന കാര്യം ഇപിയും അറിഞ്ഞിരുന്നില്ല. കാര്യങ്ങളെല്ലാം മുൻപ് വിശദീകരിച്ച് കഴിഞ്ഞതാണല്ലോ എന്ന് ക്ഷോഭിച്ച ഇപിയെ അനുനയിപ്പിക്കാൻ പോലും ആരും ശ്രമിച്ചതുമില്ല. അതുവരെ മൗനം പാലിച്ച മുഖ്യമന്ത്രി യോഗത്തിൽ നിന്ന് ഇറങ്ങിയ ഇപിയോട് കാണാം സംസാരിക്കാം എന്ന് മാത്രമാണ് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി അംഗമായിട്ടും നടപടിക്കാര്യം അറിയിക്കുന്നതിൽ നേതൃത്വം മാന്യകാട്ടിയില്ലെന്ന പരാതി ഇപിക്കുണ്ടെന്ന് വ്യക്തമാവുന്നതാണ് നിലവിലെ പാർട്ടി പരിപാടികളിൽ നിന്നുള്ള വിട്ടുനിൽക്കൽ.