പിണറായി : ഭർത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുമായി യുവതി പിണറായി പോലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശിയായ സൈറാഫാത്തിമ(ജിയാറാം ജി ലോട്ട)യാണ് മമ്പറം കുഴിയിൽപീടികയിലെ ഭർത്താവിനെ തിരഞ്ഞ് കുഞ്ഞുമായി സ്റ്റേഷനിലെത്തിയത്. ഒരുവർഷം മുമ്പ് രണ്ട് പെൺമക്കളെയും തന്നെയും ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളയുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. അഹമ്മദ്നഗർ ജില്ലയിലെ വാറങ്ക്വിഷിയിലാണ് സൈറയും കുടുംബവും താമസിച്ചിരുന്നത്. ആരോപണം ശരിയാണോ എന്നറിയാൻ കുഴിയിൽപീടികയിലെ ഭർത്താവിന്റെ തറവാട്ടുവീട്ടിൽ പോലീസ് യുവതിയുമായി പോയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്തെ ബന്ധുവീട്ടിൽ അന്വേഷിച്ചപ്പോൾ വർഷങ്ങളായി ഇയാൾ വീട്ടിൽ വരാറില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തിരികെ നാട്ടിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെ നൽകാമെന്ന് പോലീസ് അറിയിച്ചെങ്കിലും വഴങ്ങിയില്ല. വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി. സുലജയുടെ നിർദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സഖിയിൽ പാർപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യുവതിയുടെ പുനരധിവാസം സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്.ഐ. പി.സി. വിനോദ്കുമാർ പറഞ്ഞു. ഹിന്ദി മാത്രം അറിയാവുന്ന സൈറയിൽനിന്ന് ബുദ്ധിമുട്ടിയാണ് എ.എസ്.ഐ. പി.കെ. ശൈലജ, ആർ.കെ. സൂരജ് എന്നിവർ വിവരങ്ങൾ ശേഖരിച്ചത്.