തിരുവനന്തപുരം : സർക്കാരിനും സർവകലാശാലാ വിസിമാർക്കുമെതിരെ കടുത്ത നിലപാടെടുത്ത ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലർ പദവി നൽകിയത് കേരളമാണ്. അവിടെ ഇരുന്ന് പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണർ ഭാവിക്കുന്നു. മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ആഎസ്എസ് അനുഭാവികളെ തിരികിക്കയറ്റാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ട. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ട്. സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ അറിയാം. അല്ലാതെ വല്ല ധാരണയും ഉണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമങ്ങളുടെ നഗ്ന ലംഘനത്തിന് ആർക്കും അധികാരം ഇല്ലെന്നിരിക്കെ, സർവ്വകലാശാലകളുടെ സ്വയംഭരണം തകർക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ല. വിസിക്കെതിരെ നടപടി വേണമെങ്കിൽ അത് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ട്. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാലത് അംഗീകരിച്ച് കൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നിയമിതരായവരല്ല വിസിമാർ. വിദ്യാഭ്യാസ രംഗത്തെ നേട്ടം ആരും അംഗീകരിക്കുന്ന ഒന്നാണ്. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മുന്നേറ്റമാണ് ആഗ്രഹിക്കുന്നത്. അതിനനുസരിച്ച നടപടി സ്വീകരിക്കുന്നുമുണ്ട്. കേരളമുണ്ടാക്കിയ വിസ്മയകരമായ മുന്നേറ്റം തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. ആ നീക്കത്തിൽ കേരളമാകെ ഉത്കണ്ഠയിലാണ്. കേരളത്തിന്റെ നേട്ടത്തിൽ ഏറ്റവും അധികം അസൂയ ആർഎസ്എസിനാണ്. ഭരണഘടനയെ തകിടം മറിക്കുന്ന വർഗീയ ശക്തികൾ എല്ലായിടത്തും പിടിമുറുക്കുന്നു. കേരളത്തിലും അത്തരം സാഹചര്യം ഒരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.