ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന് ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല.പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്.: മൈസൂര്‍ മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി.
രാവിലെ 9.30ന് ബെംഗളുരുവിൽ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച.ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തിയത്. എന്നാല്‍ സാങ്കേതിക വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നില്ലെന്നാണ് വിശദീകരണം.
നിലമ്പൂർ – നഞ്ചൻകോട് ,തലശ്ശേരി – മൈസൂർ റയിൽ ലൈൻ എന്നിവയടക്കമുള്ള വിഷയങ്ങല്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തുവെന്ന് സൂചന. പദ്ധതികൾക്കെല്ലാം കർണാടകത്തിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം.. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതിയില്‍ തീരുമാനമായില്ല. കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാതക്ക് ധാരണയായി. കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. ശേഷം കർണാടക ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുത്ത ശേഷമാകും പിണറായി വിജയൻ മടങ്ങുക.