കോഴിക്കോട്: നല്ല കാര്യങ്ങൾ ചെയ്താൽ അതിനെ കഴുകൻ കണ്ണോടെ കാണുന്ന ചില ശക്തികൾ രാജ്യത്തുണ്ടെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ശതാബ്ദി വർഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അത് എപ്പോഴും മനസിലുണ്ടാകണം. അത്തരമൊരു കെട്ടകാലത്താണ് നാം ജീവിക്കുന്നതെന്ന് തിരിച്ചറിയണം. നല്ലതായത് കൊണ്ട് മാത്രം നല്ലതായി എല്ലാവരും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ജെ.ഡി.ടി ഇസ്ലാം സ്ഥാപനങ്ങളുടെ ശതാബ്ദി ആഘോഷ പരിപാടികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. അഹ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് തയാറാക്കിയ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജെ.ഡി.ടി സ്ഥാപനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതി നടപ്പാക്കുന്നത്.
കാമ്പസ് നവീകരിക്കും. ഇഖ്റ മെഡിക്കൽ കോളജ് ആരംഭിക്കുകയും മെഡിക്കൽ കോഴ്സുകൾ ഉൾപ്പെടുത്തി ഡീംഡ് സർവകലാശാല സ്ഥാപിക്കുകയും ചെയ്യും. ആയിരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.