കൊച്ചി : എന്തും പറയാവുന്ന നാടാണു കേരളമെന്ന് ആരും കരുതേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. മതനിരപേക്ഷ നിലപാടിനു വിരുദ്ധമായ ഒന്നും അനുവദിക്കില്ലെന്നു കടവന്ത്രയിൽ തിരഞ്ഞെടുപ്പു യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പി.സി. ജോർജ് മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചു. ബിജെപി പിന്തുണയോടെയായിരുന്നു വിദ്വേഷ പ്രസംഗം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രസംഗം പാടില്ലെന്നു ജോർജിനോടു കോടതി പറഞ്ഞതാണ്. വെട്ടാൻ വരുന്ന പോത്തിനോടു വേദം ഓതിയിട്ടു കാര്യമില്ല. അയാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചു. ഇൗ നാട്ടിൽ എന്തും വിളിച്ചു പറയാനാവില്ല. വർഗീയ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കും.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ അരങ്ങേറിയത് ഇതിന്റെ മറ്റൊരു പതിപ്പാണ്. അവിടെ 10 വയസ്സുള്ള കുട്ടിയെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിച്ചു. കടുത്ത മത വിദ്വേഷം ഉണ്ടാക്കുന്നതായിരുന്നു മുദ്രാവാക്യം. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീത ഒരുപോലെ നാടിനാപത്താണ്. വർഗീയ ശക്തികൾക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്നു പിണറായി പറഞ്ഞു.നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇതേക്കുറിച്ച് ആർക്കും പരാതിയുണ്ടായില്ലെന്നും ഇപ്പോൾ അതുണ്ടായതു തൃക്കാക്കര ഉപതിരഞ്ഞെടുപ്പു മൂലമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.