ഇടുക്കി: സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവ്വേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പൻ പ്രക്ഷോഭത്തിനാണ്. എന്നാൽ എതിർപ്പിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിൽവർ ലൈനിൽ രണ്ടും കല്‍പ്പിച്ചാണ് സർക്കാരും പ്രതിപക്ഷവും.
ഒരേസമയം വർഗീയ കാര്‍ഡും വികസന കാർഡും വീശിയാണ് സിൽവർ ലൈൻ അമരക്കാരൻ പിണറായി വിമർശനങ്ങളെ തള്ളുന്നത്. അതിവേഗപ്പാതക്കെതിരെ അണിനിരക്കുന്നത് വലതുപക്ഷ വർഗീയ ശക്തികളെന്നാണ് പിണറായിയുടെ ആരോപണം. കാലത്തിനൊപ്പം സർക്കാർ കേരളത്തെ മുന്നോട്ട് നയിക്കുമ്പോൾ പിന്നോട്ടടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നാണ് കുറ്റപ്പെടുത്തൽ. പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുമ്പോൾ മുതിർന്ന നേതാക്കളെ തന്നെ സംസ്ഥാന വ്യാപകമായി അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് യുഡിഎഫ് ലക്ഷ്യം. പദ്ധതി തടയാൻ ഏതറ്റം വരെയും പോകും.
മുഖ്യമന്ത്രി വിളിക്കുന്ന പൗരപ്രമുഖരുടെ ചർച്ചയ്ക്ക് ബദലായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പദ്ധതിക്കെതിരെ വിവിധ മേഖലയിലുള്ളവരെ ചേർത്ത് യുഡിഎഫ് പ്രത്യേക ചർച്ച നടത്തും.
കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽ സ്ഥിരം സമരവേദി തുറക്കും. പദ്ധതിയുടെ ഗുണത്തെക്കുറിച്ചുള്ള സിപിഎം ലഘുലേഖക്ക് പകരം ദോഷങ്ങളെ കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യും. അതിവേഗം നിയമസഭ വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. യുഡിഎഫിന് പിന്നാലെ പദ്ധതിക്കെതിരെ വലിയ സമരം നടത്തുമെന്ന് ബിജെപിയും പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെ തള്ളുന്ന സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ് സിപിഐയിൽ നിന്നും ഉയരുന്ന വിമർശനം. കല്ലിട്ട് മുന്നോട്ട് പോകുന്നത് ജനങ്ങളെ എതിരാക്കുമെന്ന വിമർശനമാണ് പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നത്. സാവകാശമില്ലാതെ തിടക്കുത്തിൽ പദ്ധതയുമായി മുന്നോട്ട് പോകരുതെന്നാണ് അംഗങ്ങളുടെ അഭിപ്രായം.