തിരുവനന്തപുരം: ഫെഡറൽ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്മന്ത്രി എസ്.ജയ്ശങ്കറിനെതിരായ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുകയാണ്. കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിന്‍റെ അധികാരമല്ല മറിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ വകുപ്പിന്‍റെ അധികാരപരിധിയാണ് കയ്യേറുന്നത്. വിദേശ രാജ്യത്തിന്‍റെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രോട്ടോകോൾ ലംഘനം നടത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാർ പദ്ധതിയായ കഴക്കൂട്ടം ബൈപ്പാസ് നിർമ്മാണം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ സന്ദർശിക്കുന്നതിൽ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഭയം കൊണ്ടാണ്. പല കേന്ദ്ര പദ്ധതികളും വഴിമാറ്റി ചെലവഴിക്കുന്നത് കേന്ദ്രമന്ത്രി കണ്ടുപിടിക്കുമെന്ന് മനസിലായതു കൊണ്ടാണ് പിണറായി വിജയൻ ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള അവകാശം കേന്ദ്രമന്ത്രിമാർക്കുണ്ട്.
ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണ് മോദി സർക്കാരിലെ മന്ത്രിമാർ എന്ന് പിണറായി മനസിലാക്കണം. ആയിരക്കണക്കിന് പൊലീസിന്റെ നടുവിൽ ജനങ്ങളെ ബന്ദികളാക്കി ഏകാധിപതിയായി നാട് ഭരിക്കുന്ന പിണറായി വിജയന് ജയ്ശങ്കറിനെ പോലത്തെ മന്ത്രിമാർ ജയ്ശങ്കറിനെ പോലത്തെ മന്ത്രിമാർ അത്ഭുതമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.