തിരുവനന്തപുരം: പാവപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നൽകാത്ത പിണറായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാങ്ങുന്ന തിരക്കിലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. നെല്‍ കര്‍ഷകർക്കും റബര്‍ കര്‍ഷകർക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചത്. പതിനായിരക്കണക്കിന് നെല്‍കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷങ്ങളിലായി വര്‍ധിപ്പിച്ച നെല്ലിന്റെ സംഭരണ വിലപോലും നല്‍കാതെ ആ തുക വകമാറ്റി ചെലവഴിച്ചു. ഹെലികോപ്ടര്‍ വാങ്ങാനും ക്ലിഫ് ഹൗസില്‍ തൊഴുത്തൊരുക്കാനും ലക്ഷങ്ങള്‍ മുടക്കാൻ സര്‍ക്കാറിന് മടിയില്ല. കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ പുതുപ്പള്ളിയില്‍ മറുപടി നൽകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്ടർ വാടകക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞതവണ 22 കോടിയോളം രൂപ ഹെലികോപ്ടർ യാത്രക്ക് പിണറായി വിജയൻ പൊടിച്ചെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.