പെരിന്തൽമണ്ണ: ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പി വൻ അഴിമതിയാണ് ലക്ഷ്യമിട്ടിരുന്നതെന്നും കോടതി വിധിയെ തുടർന്ന് ഗത്യന്തരമില്ലാതെയാണ് ആ വിവരങ്ങൾ പുറത്തറിയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭാവന സ്വീകരിക്കില്ലെന്ന് കമ്യൂണിസ്റ്റ് പാർട്ടികൾ നിലപാടെടുത്തതുപോലെ കോൺഗ്രസിന് കഴിയാതിരുന്നത് എന്താണെന്ന് പിണറായി ചോദിച്ചു. നിലപാടുകളുടെ കാര്യത്തിൽ മിക്കതിലും ബി.ജെ.പിയും കോൺഗ്രസും ഒരേ മാതൃകയാണ് പിന്തുടരുന്നത്. 8251 കോടി രൂപ ബി.ജെ.പിക്കും 1952 കോടി രൂപ കോൺഗ്രസിനും ലഭിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പരസ്യമായ അഴിമതിയാണെന്നും പ്രഖ്യാപിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ ഇലക്ടറൽ ബോണ്ട് വേണ്ടെന്നുവെച്ചു. ആരിൽനിന്ന് എത്ര ഫണ്ട് സ്വീകരിച്ചെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. അത് മറച്ചുവെക്കുന്നത് അഴിമതിയാണ്.
ബി.ജെ.പി ഇതര സർക്കാറെന്ന നിലയിൽ ഏറ്റവും വലിയ ദ്രോഹമാണ് കേരളം ഏറ്റുവാങ്ങിയത്. ഒരു രൂപ സംസ്ഥാനത്ത് ചെലവിടുമ്പോൾ 25 പൈസ മാത്രമേ കേന്ദ്രവിഹിതമുള്ളൂ. അടുത്ത വർഷം അത് 19 പൈസയായി ചുരുങ്ങും. വടക്കേ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഒരു രൂപയിൽ 80 പൈസയും കേന്ദ്രവിഹിതമാണ്. സമ്പദ്‍വ്യവസ്ഥ ഏറ്റവും മോശമാണെന്നാണ് കേന്ദ്ര ധനമന്ത്രി കേരളത്തിലെത്തി ആക്ഷേപിച്ചത്. റെയിൽവേ അടക്കം പൊതുമേഖല സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുമ്പോഴാണ് യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.