തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനായി ഒരു വര്‍ഷം മുമ്പ് വാങ്ങിയ വാഹനങ്ങള്‍ മാറ്റി വീണ്ടും പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനം വലിയ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി കിയ കാര്‍ണിവലും എസ്കോർട്ടിനായി മൂന്ന് ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വല്ലപ്പോഴുമുള്ള ദില്ലി യാത്രയിലും പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ തന്നെ കൂടെയുണ്ടാവും.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വെള്ള ഇന്നോവ ക്രിസ്റ്റയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം. എന്നാല്‍ വൈകാതെ തന്നെ സുരക്ഷാ കാരണത്താല്‍ അത് മാറ്റി പകരം കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങി. പിന്നീടതും മാറ്റി കിയ കാര്‍ണിവല്‍ വാങ്ങാന്‍ ഉത്തരവിറക്കി. നാല് വാഹനങ്ങള്‍ക്കായി 89 ലക്ഷം രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഉത്തരവ് ഇറങ്ങിയത്. കിയ കാര്‍ണിവല്‍ മുഖ്യമന്ത്രിയുടെ ഉപയോഗത്തിന്. ബാക്കി മൂന്ന് കാറുകള്‍ സുരക്ഷയ്ക്ക്. ഇതിനെല്ലാം പുറമെയാണ് വല്ലപ്പോഴും പോകുന്ന ദില്ലി യാത്രയില്‍ ഉപയോഗിക്കാന്‍ പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്.
മുഖ്യമന്ത്രിക്ക് മാത്രമല്ല, ഗവര്‍ണര്‍ക്കും ദില്ലിയിലെ യാത്രയ്ക്ക് വാഹനം പുതിയത് തന്നെ. നാല് മാസം മുമ്പാണ് 85 ലക്ഷം മുടക്കി ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് വാങ്ങാന്‍ ഉത്തരവിറക്കിയത്. ദില്ലിയില്‍ വീടുള്ള ഗവര്‍ണര്‍ക്കും ഇനി ദില്ലി യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പുത്തന്‍ ഇന്നോവ ക്രിസ്റ്റ വരും എന്ന് ചുരുക്കം. ആദ്യം വാങ്ങിയ വെള്ള ഇന്നോവ ക്രിസ്റ്റ, പിന്നാലെ വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ, അതിന് ശേഷം വാങ്ങാന്‍ തീരുമാനിച്ച കിയ കാര്‍ണിവല്‍ അടക്കം നാല് വാഹനങ്ങള്‍ ആണ് അടുത്തിടെ മുഖ്യമന്ത്രിക്കായി വാങ്ങിയത്. ഇപ്പോഴിതാ ദില്ലിയിലും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കാര്‍ ആഡംബര വാഹനങ്ങള്‍ വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുന്നത്.