തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത സുരക്ഷ ഏർപ്പെടുത്തിയത് സംബന്ധിച്ച് പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുമ്പോൾ പ്രതികരണവുമായി മുതിർന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് പൊലീസ് സംരക്ഷണമെന്ന് എ കെ ബാലൻ പറഞ്ഞു. അല്ലാത്ത പിണറായി വിജയനാണെങ്കിൽ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങൾ ഏറ്റെടുത്തു കൊള്ളും. ഇപ്പോൾ ആ ചുമതല ജനങ്ങൾക്ക് കൊടുക്കാൻ കഴിയില്ല. തെരുവിൽ ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് വരുത്തുന്നതിനാണ് പ്രതിപക്ഷ നേതാവും ബിജെപി നേതാവും ശ്രമിക്കുന്നത്.
വിമോചന സമരകാലത്തും ഇതു തന്നെയായിരുന്നു പരിപാടി. ക്രമസമാധാനം തകർന്നെന്നു പറഞ്ഞാണ് കേന്ദ്രം അന്ന് പിരിച്ചുവിട്ടത്. ആ ദിശയിലേക്ക്, കേരളത്തെ ഒരു കലാപഭൂമിയാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രക്ഷോഭം തിരിച്ചറിയാത്തവരല്ല എൽഡിഎഫുകാരെന്നും എ കെ ബാലൻ ഫേസ്ബുക്കിൽ കുറിച്ചു. ശക്തമായ പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കുന്നതിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന നേതാവാണ് പിണറായി വിജയൻ.അദ്ദേഹം അത്തരം ഘട്ടങ്ങളിൽ മയങ്ങിപ്പോകാറില്ല. പിണറായി വിജയൻ ഒരു തൊട്ടാവാടിയല്ല. പ്രതിസന്ധികളിൽ നിന്ന് പോസിറ്റീവ് എനർജി ആർജിച്ച് പതിന്മടങ്ങ് ശക്തിയോടെ അദ്ദേഹം എതിരാളികളെ നേരിടും. അതാണ് പിണറായിയുടെ രാഷ്ട്രീയജീവിതം എന്നുകൂടി മനസിലാക്കുന്നത് നല്ലതാണെന്നും ബാലൻ ഓർമ്മിപ്പിച്ചു.