വൈക്കം: സംസ്ഥാന സർക്കാറിനുവേണ്ടി സംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 3.30ന് വൈക്കം ബീച്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.വൈകീട്ട് മൂന്നിന് വലിയകവലയിലെ വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാന നായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതിമണ്ഡപങ്ങളിൽ ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തും.
പുഷ്പാർച്ചനക്ക് ശേഷമാണ് ബീച്ചിൽ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന ‘വൈക്കം പോരാട്ടം’ പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എൽ.എക്ക് നൽകി എം.കെ. സ്റ്റാലിൻ നിർവഹിക്കും.
വൈക്കം സത്യഗ്രഹം കൈപ്പുസ്തക പ്രകാശനം തോമസ് ചാഴികാടൻ എം.പിക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അവതരിപ്പിക്കും.