തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത ബി എസ് എൻ എൽ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് നിയമസഭയിൽ ചർച്ചയായി. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ നിക്ഷേപക തട്ടിപ്പ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യോത്തര വേളയിൽ പറഞ്ഞു. കൃത്രിമ രജിസ്റ്റർ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ് എന്നതാണ് പ്രാഥമിക കണ്ടെത്തൽ. സംഘത്തിൻറെ പ്രസിഡൻറ് , സെക്രട്ടറി, ഭരണ സമിതി അംഗങ്ങൾ എന്നിവർക്ക് തട്ടിപ്പിൽ ബന്ധമുള്ളതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പതിമൂന്ന് അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി സഹകരണ വകുപ്പ് ആരംഭിച്ചു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.