പഴയങ്ങാടി (കണ്ണൂർ): തൃക്കാക്കരയെയും യുഡിഎഫിനെയും പേരെടുത്തു പറയാതെ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുശേഷം ആദ്യത്തെ പരസ്യ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാമപുരം വായനശാലയുടെ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
‘മതനിരപേക്ഷമായി ചിന്തിക്കുന്നവർ വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കണം. നിർഭാഗ്യവശാൽ ചിലേടങ്ങളിൽ ഈ വർഗീയ ശക്തികൾക്ക് ഒന്നിച്ച് ഒരു കൂട്ടരുമായി യോജിക്കാൻ പറ്റുന്നു. കേരളത്തിൽ അതിന്റേതായ ഉദാഹരണങ്ങളുണ്ടാകുന്നു. തങ്ങൾ മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്നവർ ചിന്തിക്കണം.
ഈ കൂട്ടുകെട്ട്, ഇത്തരത്തിലുള്ള അവസരവാദപരമായ യോജിപ്പ്, ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയെ തങ്ങൾക്കൊപ്പം കൊണ്ടുവരാൻ കഴിഞ്ഞു എന്നത് ആത്യന്തികമായി സമൂഹത്തിനു ഗുണകരമാണോ? നാടിന്റെ ഭാവിക്കു ഗുണകരമാണോ? ഇതു വർഗീയ ശക്തികളെ വളർത്തുകയാണോ തളർത്തുകായണോ ചെയ്യുക.
ഈ കാര്യങ്ങൾ ഇത്തരം കൂട്ടുകെട്ടിനു നേതൃത്വം നൽകുന്നവർ അവർ മതനിരപേക്ഷമാണെന്ന് അവകാശപ്പെടുമ്പോൾ ആലോചിക്കേണ്ടതുണ്ട്. നാടിനാപത്താണത്. രാജ്യത്തിനാപത്താണത്. മതനിരപേക്ഷതയ്ക്ക് ആപത്താണത്. വർഗീയ ശക്തികളെ പരോക്ഷമായി സഹായിക്കലാണത്. വർഗീയ ശക്തികൾക്ക് കരുത്തു നേടാൻ അവസരമൊരുക്കുകയാണു ചെയ്യുക.’