കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയില്‍ അധികമാണ് നഷ്ടപരിഹാരമെന്നും ‘അതുക്കുംമേലെ’ നല്‍കാനും സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിയാണ് പ്രധാനം. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കും. അതിവേഗ റെയില്‍വേ വേണമെന്ന് പറഞ്ഞവരാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പലയിടത്തും സിൽവർലൈനിനെതിരെ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. കലക്ടറേറ്റിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിനു മുകളിലേക്കു കയറി മുദ്രാവാക്യം വിളിച്ചു. സംഘർഷത്തെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ, പദ്ധതിക്കെതിരെ ഭവന സന്ദർശനം നടത്തി.