തിരുവനന്തപുരം: പൊലീസിന്‍റെ നിയമവിരുദ്ധ നടപടികള്‍ ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാല്‍ പൊലീസിൻെറ സമയോചിതമായ ഇടപെടൽ കൊണ്ടാണ് കേരളത്തിൽ വർഗീയ കലാപങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്‍റര്‍ ആക്രണക്കേസിലെ പ്രതിയെ പിടികൂടിയതിനെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. വർഗീയ കലാപങ്ങള്‍ സൃഷ്ടിക്കാൻ ചില ശ്രമം നടക്കുന്നുണ്ട്. പൊലിസിന്‍റെ സമയോജിതമായ ഇടപെടലാണ് വർഗീയ കലാപങ്ങള്‍ ഉണ്ടാകാതിരിക്കാൻ കാരണായത്. നല്ല പ്രവർത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോഴും പൊലീസിലുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിവൈഎസ്പി മുതൽ നോണ്‍ ഐപിഎസ് എസ്പിമാർവരെയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനത്തിൻെറ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. അതേസമയം പാതയോരത്തെ ഫ്ലക്സിനും തോരണങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച പൊലിസിന്‍റെ സമ്മേളനം നടക്കുമ്പോള്‍ വഴി നീളെ ഫ്ലക്സുകളായിരുന്നു. പാതയോരത്തെ തോരണങ്ങളും കൊടിയും ഫ്ലക്സും നീക്കം ചെയ്യുന്നതിൽ കർശന നടപടിവേണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. സർക്കാർ കർശന നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശം നടപ്പാക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ ഫ്ലക്സുകള്‍ സ്ഥാപിച്ചത് നിർദ്ദേശം അവഗണിച്ചാണ്.