തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്‍റെ പ്രസരിപ്പ് ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷംസീറിന് അഭിനന്ദനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനുമെത്തി. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്നെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുന്‍ സ്‍പീക്കര്‍ എം ബി രാജേഷിന്‍റെ പ്രവര്‍ത്തനങ്ങളെയും വി ഡി സതീശന്‍ അഭിനന്ദിച്ചു. രാജേഷ് മികച്ച സ്പീക്കറായിരുന്നെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
സ്‍പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തുമാണ് മത്സരിച്ചത്. ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടുമാണ് കിട്ടിയത്. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചിറ്റയം ഗോപകുമാർ വോട്ട് ചെയ്തില്ല. ഭരണപക്ഷത്ത് നിന്നും മൂന്നു പേര് വോട്ട് ചെയ്തില്ല. റോഷി അഗസ്റ്റിൻ, ദലീമ ജോജോ എന്നിവര്‍ വിദേശത്തായതിനാലാണ് വോട്ട് ചെയ്യാതിരുന്നത്,ഉംറക്ക് പോയതിനാല്‍ പ്രതിപക്ഷത്ത് നിന്നും യു എ ലത്തീഫ് വോട്ട് ചെയ്തില്ല. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു.