തിരുവനന്തപുരം: വർഗ്ഗീയത നമ്മുടെ നാട്ടിൽ എന്തെല്ലാം ആപത്തുണ്ടാക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഷാരൂഖ് ഖാനെതിരായ ആക്രമണവും സ്കുളുകളിലെ ഹിജാബ് നിരോധനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ നീക്കമാണ് ഷാരുഖിനെതിരെയുണ്ടായതെന്നും അത് വലിയ ആപത്താണ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മത നിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളിൽ കുട്ടികളുടെ മനസ്സിൽ വർഗ്ഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇത്തരം സാഹചര്യത്തിൽ മതനിരപേക്ഷ ശക്തികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വർഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.