തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർലൈന് എതിരായ സമരങ്ങളെ സംയമനത്തോടെയാണു നേരിട്ടത്. പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ വിഷയത്തിൽ നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘സിൽവർലൈൻ രഹസ്യമായി കൊണ്ടുവന്ന പദ്ധതിയല്ല. ഇതിനെതിരെ യുഡിഎഫിനു സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാൻ കഴിയുന്നില്ല. ഏതുവിധേനയും പദ്ധതിയെ ഇല്ലാതാക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ചർച്ചയിലൂടെ പ്രതിപക്ഷം തുറന്നുകാട്ടപ്പെട്ടു. പൗരപ്രമുഖരുമായി സർക്കാർ സംവദിച്ചതു തെറ്റായി ചിത്രീകരിക്കുകയാണ്. ജനങ്ങളുമായി സംവദിക്കാൻ പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.
പദ്ധതിക്കായി വിദേശവായ്പ എടുക്കുന്നതിൽ അപാകതയില്ല. വായ്പാ തിരിച്ചടവിന് 40 വർഷം വരെ സമയമുണ്ട്. 40 വർഷത്തിനുള്ളിൽ സമ്പദ്ഘടന വൻതോതിൽ വികസിക്കും. കടക്കെണി വാദത്തിന് അടിസ്ഥാനമില്ല. വികസന മുന്നേറ്റത്തിനു തുരങ്കം വയ്ക്കാനാണ് കടക്കെണി ആരോപണം. പദ്ധതി വേണമെന്നതിൽ തർക്കമില്ല. എന്തെങ്കിലും ചർച്ച ചെയ്യാനുണ്ടെങ്കിൽ അതാകാം. സമരക്കാർ വലിയതോതിൽ നാശനഷ്ടം വരുത്തിയിട്ടും പൊലീസ് സംയമനത്തോടെയാണു നേരിട്ടത്.’– മുഖ്യമന്ത്രി പറഞ്ഞു.
സിൽവർലൈൻ സംബന്ധിച്ച റിപ്പോർട്ടുകളിൽ സർക്കാർ ഡേറ്റാ കൃത്രിമം നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പ്രാഥമിക സാധ്യതാപഠനം നടന്ന് രണ്ടു മാസത്തിനുശേഷം അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ട് വന്നു. ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ആദ്യ റിപ്പോർട്ടിൽ 40,000 ആയിരുന്നു. രണ്ടാമത്തെ റിപ്പോർട്ടിൽ അത് ഇരട്ടിയാക്കി. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇതു പഠിച്ചത്? കണക്കു തെറ്റിച്ചെഴുതി സിൽവർലൈൻ ലാഭമാണെന്ന് വരുത്തുകയാണെന്നും സതീശൻ പറഞ്ഞു.