തിരുവനന്തപുരം: മുഖ്യമന്ത്രിയായി 2016ൽ പിണറായി വിജയൻ ചുമതലയേറ്റശേഷം പരാതി പരിഹാര സെല്ലിൽ തീർപ്പാക്കിയത് 3,87,658 പരാതികൾ. ലഭിച്ച 4,04,912 പരാതികളിൽ 95 ശതമാനവും തീർപ്പാക്കി. ശേഷിക്കുന്ന 17,254ൽ നടപടി ദ്രുതഗതിയിലാണ്. കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെതുടർന്നാണ് സമാന്തര സംവിധാനങ്ങളെ യോജിപ്പിച്ച് ഐടി അധിഷ്ഠിത പൊതുജന പരാതി പരിഹാര സെൽ രൂപീകരിച്ചത്.
പൊതുഭരണ വകുപ്പ്, പിആർഡി എന്നിവടെ നിയന്ത്രിച്ചിരുന്ന സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായ കോൾ സെന്റർ, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ, ജില്ലാതല സുതാര്യ കേരളം സെല്ലുകൾ എന്നിങ്ങനെ സംവിധാനങ്ങൾ യോജിപ്പിച്ചു. ഇതിലൂടെ ജീവനക്കാരുടെ പ്രവർത്തനം എ്കോപിപ്പിക്കാനും ഫലപ്രഥമായി ഇടപെടാനും കഴിയുന്നു. പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച് 36 മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥർക്ക് കൈമാറും. പമരാതി പതിക്കുന്ന ബാർ കോഡ് സ്റ്റിക്കറിലൂടെ ഇത് ഉറപ്പാക്കും. പരാതിയുടെ തൽസ്ഥാനം വേഗത്തിൽ കണ്ടെത്താനാകും.
പരാതികൾ തീർപ്പാക്കുന്നതിൽ നിലവാരം ഉറപ്പുവരുത്തു. മാർഗനിർദ്ദേശാനുസരണമാണോ പരാതികൾ തീർപ്പാക്കുന്നതെന്ന് പരിശോധിക്കും. അല്ലാത്തവ മുഖ്യമന്ത്രിയുടെ ഓഫീസ് തിരികെ വിളിപ്പിച്ച് ശരിയായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും. പരാതികൾക്ക് ലഭിക്കുന്ന മറുപടിയിൽ ആക്ഷേപങ്ങൾക്ക് 1076 ടോൾ ഫ്രീ നമ്പർ ഉറപ്പാക്കി. പരാതി സമർപ്പിക്കുന്നതുമുതൽ തീർപ്പാക്കുന്നതുവരെ നീക്കങ്ങൾ എസ്എംഎസിലൂടെയും ഓൺലൈനായി പരാതിക്കാർക്ക് ലഭ്യമാകും. സമയബന്ധിത നടപടി ഉറപ്പാക്കാൻ കളക്ടർമാരുടെയും, വകുപ്പ് മേധാവികളുടെയും, സെക്രട്ടറിമാരുടെയും യോഗം നിശ്ചിത ഇടവേളകളിൽ ചേരും. പരാതി, ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം അപേക്ഷകളുടെ തീർപ്പാക്കൽ പുരോഗതിയും അവലോകനം നടത്തും.
2020ൽ കമ്പ്യൂട്ടർ സെല്ലിനും, പൊതുജന പരാതി പരിഹാര സംവിധാനത്തിനും ഐഎസ്ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ടോൾ ഫ്രീ നമ്പറിൽ വിളിക്കുന്നവർക്ക് ലഭിച്ച സേവനത്തെക്കുറിച്ച് അഭിപ്രായപ്പെടാനാകുന്ന റാങ്കിങ് സംവിധാനവും കഴിഞ്ഞ 1 ഒക്ടോബറിൽ തുടങ്ങി.