തിരുവനന്തപുരം: മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് അപേക്ഷ നൽകി. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നൽകിയത്. ഏപ്രിൽ 23 മുതൽ മേയ് മാസം വരെയാണ് അനുമതി തേടിയിരിക്കുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26വരെ ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി 29,82,039 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്സ്) വിഭാഗം പണം അനുവദിച്ചത്. പിന്നീട് വസ്തുതാപരമായ പിശക് ചൂണ്ടിക്കാട്ടി ഉത്തരവ് റദ്ദാക്കി.