ഒല്ലൂര്‍ (തൃശൂർ): കേരളത്തില്‍ എല്‍.ഡി.എഫ് നില്‍ക്കുന്നത് എന്‍.ഡി.എക്കൊപ്പമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഒല്ലൂര്‍ സെന്ററില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.എസ് കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം മന്ത്രിസഭയില്‍ അധികാരം പങ്കിടുമ്പോള്‍ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ എല്‍.ഡി.എഫിന് നിലപാടെടുക്കാന്‍ കഴിയുക എന്ന് ശിവകുമാര്‍ ചോദിച്ചു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇതാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയെ ഇടതുമുന്നണിയില്‍ സംരക്ഷിക്കുന്നത്. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുന്ന നരേന്ദ്ര മോദി നിരവധി അഴിമതികളില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനു പിന്നില്‍ രഹസ്യ അജണ്ടയല്ലെങ്കില്‍ പിന്നെ എന്താണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം.
എന്‍.ഡി.എ മുന്നണി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് മോദിക്കറിയാം. അതുകൊണ്ടാണ് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ തോല്‍വി ഭയന്നാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സ്ഥാനാര്‍ഥി കെ. മുരളീധരന്‍, ജോസ് വള്ളൂര്‍, ടി.എന്‍. പ്രതാപന്‍, എം.പി. വിന്‍സന്റ്, വി.ടി. ബല്‍റാം, സുന്ദരന്‍ കുന്നത്തുള്ളി, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു