പാലക്കാട്: സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങളിൽ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് സഹകരണ വരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലേക്ക് കടന്നുകയറ്റം ഉണ്ടാകുന്നുവെന്നും ഈ നടപടി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ നടപടിയാണ് കേന്ദ്ര സർക്കാരിന്റേതെന്ന് അദ്ദേഹം വിമർശിച്ചു. ഇതിനായി റിസേർവ് ബാങ്കിനെ ഉപയോഗിക്കുകയാണ്. സഹകരണ ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സഹകരണ മേഖലയിൽ കേന്ദ്രം കൊണ്ടുവരുന്ന പരിഷ്കരണങ്ങളിൽ കേന്ദ്രസർക്കാരിന് ദുരുദ്ദേശ്യമുണ്ട്.രാജ്യത്ത് സഹകരണ മേഖലയ്ക്ക് എതിരെ വലിയ നീക്കം നടക്കുന്നവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്നങ്ങൾ പോലും പെരുപ്പിച്ച് കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബാങ്കിങ് മേഖലയിൽ എത്ര വലിയ എന്തൊക്കെ തട്ടിപ്പ് നടന്നാലും അതിനെ കേന്ദ്രസർക്കാർ ഗൗനിക്കുന്നില്ല. സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന ഒന്നും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾ കാർഷിക മേഖലയ്ക്ക് തന്നെ പ്രാധാന്യം നൽകണം. അതിന് ശേഷമാകണം മറ്റെന്തും. തൊടുന്യായം പറഞ്ഞ് ഇതിൽ നിന്ന് ഒഴിയാൻ ശ്രമിക്കരുത്. പുതുവഴികൾ തേടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.