കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരായ പി വി അന്‍വർ എംഎൽഎയുടെ വിവാദ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷത വ്യക്തമാക്കുന്ന സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടനെ ഇടപെടേണ്ട കേസാണ്. പക്ഷേ ഇടപെടുന്നില്ല. പച്ചക്കാണ് പ്രധാനമന്ത്രി വർഗീയത പറഞ്ഞത്. ഇതുവരെ കമാ എന്ന് കമ്മീഷൻ മിണ്ടിയിട്ടില്ല. ബിജെപിയുടെ സൂറത് വിജയം സംഭവിക്കാൻ പാടില്ലാത്തതാണ്. പത്രികയിൽ ഒപ്പിടുന്ന ആളുകൾ പോലും വിശ്വസ്തർ അല്ലാതായി. ഏത് രീതിയിലുള്ള കളികളാണ് നടന്നിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിൽ അത് അബദ്ധ പ്രസ്താവനയാണ്. കുഞ്ഞാലികുട്ടി അങ്ങനെ പറയും എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്. എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
”രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ ഗാഡി മാറി. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് രാഹുൽ ചോദിച്ചത്. നെഹ്റു കുടുംബത്തിൽ ജനിച്ച ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുളളത്. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്”- എന്നാണ് പി വി അൻവർ പറഞ്ഞത്.