തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്ത പ്രതിപക്ഷത്തിന്, രണ്ടാം വാര്‍ഷികാഘോഷ വേദിയില്‍ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി. രാഷ്ട്രീയ വിമര്‍ശനവുമായി പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി, കേരളത്തില്‍ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് വിമര്‍ശിച്ചു. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത് കേരളം പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രത്യേക രീതിയില്‍ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം അധികാരത്തില്‍ വന്ന 2016 ന് മുന്‍പുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയില്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു. എല്ലാമേഖലയിലും സര്‍ക്കാര്‍ പുറകോട്ട് പോയി. ഈ സാഹചര്യം യുഡിഎഫാണ് സൃഷ്ടിച്ചത്. ആ യുഡിഎഫാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ദുരന്തം ആണെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.