കൊച്ചി ∙ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന റിവിഷൻ പെറ്റീഷനുമായി മുന്നോട്ടുപോകാൻ ഹർജിക്കാരനായ ജി.ഗിരീഷ് ബാബുവിന്റെ ബന്ധുക്കൾക്ക് താൽപര്യമില്ലെന്നു അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്നു ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഗിരീഷ് ബാബു കഴിഞ്ഞ മാസമാണു മരിച്ചത്.മാസപ്പടി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പെടെ 12 പേർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെയാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകിയത്.
ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്.