കൊച്ചി: എൺപതാം വയസിലേക്ക് ചുവടുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശംസ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് മടങ്ങിയത്. ഉമ്മൻ ചാണ്ടിയെ ഷാളണിയിച്ച് ആശംസ അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തിയാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കണ്ടത്. മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേർന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ നേരിട്ടെത്തി കണ്ട് ആശംസ അറിയിക്കാൻ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്. ചികിത്സയ്ക്ക് ജർമനിക് പോകുന്നത് നല്ലതാണെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം ചികിത്സക്കായി പോകണം എന്നും പൂർണ ആരോഗ്യവനായി തിരിച്ചെത്തിയിട്ട് വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി.