പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിക്കുന്ന സി.പി.എം നേതാവിന്റെ ശബ്ദസംഭാഷണം പുറത്ത്. പത്തനംതിട്ട കോടതിയിലെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറും സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ബി. ബെന്നിയുടെ ശബ്ദസംഭാഷണമാണ് പന്തളം ഏരിയ കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ പുറത്തായത്. ഏകാധിപതിയായ ഭരണാധികാരികൾ നിലംപതിച്ച കഥ സൂചിപ്പിക്കുന്ന ബെന്നി, പിണറായിയുടെ ഏകാധിപത്യം കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുമെന്ന് പറയുന്നു.
മുട്ടുമടക്കിയും മുട്ടിടിച്ചും അഭിപ്രായങ്ങൾ പറയാതിരുന്നാൽ പാർട്ടി നശിക്കും. പാർട്ടി തന്ന സ്ഥാനമാനങ്ങൾക്കൊപ്പം കൈയിൽനിന്ന് പണം മുടക്കിയാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ 39 സീറ്റും നേടി സ്റ്റാലിൻ കരുത്ത് തെളിയിച്ചു. കേരളത്തിലാകട്ടെ പാർട്ടി ഒരു സീറ്റിൽ ഒതുങ്ങി. ഇതു പറഞ്ഞതിന്റെ പേരിൽ പാർട്ടിക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ബെന്നി വോയ്സ് മെസേജ് അവസാനിപ്പിക്കുന്നത്.