തിരുവനന്തപുരം> ഹൈസ്‌കൂൾ പഠനകാലത്ത് അധ്യാപകൻ പഠിപ്പിച്ച ശ്ലോകം പ്രവേശനോത്സവത്തിൽ ചൊല്ലി മുഖ്യമന്ത്രി. പ്രസംഗത്തിനിടയിൽ അധ്യാപക വിദ്യാർഥി ബന്ധത്തെ വിവരിക്കാനും കുട്ടികളിൽ ശരിയായ വീക്ഷണം നൽകേണ്ട കടമ അധ്യാപകനാവണം എന്നതുമാണ് ശ്ലോകത്തിലൂടെ അദ്ദേഹം പകർന്നുനല്കിയത്. അതേപ്പോലെ അധ്യാപകൻ പകർന്നുനല്കുന്ന അറിവ് എക്കാലത്തും കുട്ടിയിൽ നിലനിൽക്കണം എന്ന ചിന്ത അധ്യാപകർ നൽകാൻ കൂടിയാണ് ശ്ലോകം ചൊല്ലിയത്.
ഹൃദിസ്ഥം ഈശ്വരം ത്യക്ത്വ പ്രതിഷ്ഠാം പ്രതിമാം ഭജേൽ കരസ്ഥം പായസം ത്യക്തം കൂർപ്പരസ്ഥം ഗളാ ലിഹേൽ… (ഹൃദയത്തിലെ ഈശ്വരെ മറന്ന് പ്രതിമകളിലെ ഈശ്വരെ തേടുന്നവർ കഴുത്തിന്റെ പിന്നിലൂടെ തലയോട്ടിയിൽ പറ്റിയിരിക്കുന്ന മധുരം നക്കുന്നതുപോലെയാണ്). തന്നെ കാണാനെത്തിയ ആളുടെ നാവിൽ നിന്നുവീണ വാക്കുകളിൽ നിന്നാണ് ഹൈസ്കൂൾ പഠനകാലത്തെ ശ്ലോകം ഓർമ്മിച്ചടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരുവരും തമ്മിലുള്ള സംസാരത്തിനിടയ്ക്ക് ഹൃദയത്തിലെ ഈശ്വരനെ ഉണർത്തണം എന്ന് കാണാനെത്തിയ വ്യക്തി പറയുകയായിരുന്നു. എന്നാൽ, ഹൃദയത്തിലുള്ള ഈശ്വരനെയല്ല മറിച്ച് മനസിലുള്ള ശക്തിയെ ഉണർത്താനാകണം ശ്രമിക്കേണ്ടതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും. ഉദാഹരണമായി ശ്ലോകം ചൊല്ലുകയും ചെയ്തു. പ്രത്യേകിച്ചൊരു ആവശ്യത്തിനായി പഠിച്ച ശ്ലോകമല്ലെന്നും അധ്യാപകൻ പകർന്നുനൽകിയ അറിവ് ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.