കാണാന്‍ ഏറെ ഭംഗിയുള്ളയവയാണ് പിങ്ക് നിറത്തിലുള്ള പഴങ്ങള്‍. ഡ്രാഗണ്‍ ഫ്രൂട്ട്, മാതളം, ലിച്ചി തുടങ്ങി നിരവധി പഴങ്ങളാണ് പിങ്ക് നിറത്തിലുള്ളത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും. പിങ്ക് നിറത്തിലുള്ള ഭക്ഷണങ്ങളില്‍ ആന്തോസയാനിനുകളും ബീറ്റലൈനുകളും ഉൾപ്പെടുന്നു. ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പിങ്ക് നിറത്തിലുള്ള ചില പഴങ്ങളും അവയുടെ ഗുണങ്ങളും അറിയാം…
ഡ്രാഗണ്‍ ഫ്രൂട്ട്…
ജലാംശം ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ടില്‍ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇവ കഴിക്കാം. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ട് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.
മാതളം…
വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിളര്‍ച്ചയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
ലിച്ചി…
80 ശതമാനത്തിലധികം ലിച്ചിയില്‍ വെള്ളമാണുള്ളത്. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഇവ സഹായിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന കോപ്പര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് ലിച്ചി. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.