മലപ്പുറം : അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് നിലമ്പൂർ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് അലി. ഇയാളെ കേരളത്തിലെത്തുന്ന അസാം പോലീസിന് കേരളാ പോലീസ് കൈമാറും. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അസ്മത്ത് അലിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അസം പോലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അസമിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികൾക്ക് ഒപ്പമാണ് കേരളത്തിലേക്ക് കടന്നതെന്നാണ് വിവരം. തൊഴിലാളികൾക്ക് ഒപ്പമായിരുന്നു താമസവും. മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. കേരളത്തിലേക്ക് കടന്നതോടെ ഇയാളെ കുറിച്ച് അസം പോലീസിന് വിവരമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇയാൾ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ഇത് മനസിലാക്കിയ പോലീസ് സംഘം, പ്രതി കേരളത്തിലാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.