കോട്ടയം> വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മത്സരിക്കണമെന്ന വാദം നേതൃത്വത്തിന് മുന്നിൽ ആവർത്തിച്ചുന്നയിച്ച് കോട്ടയം ഡിസിസി. ജോസഫുമായി അകന്നു നിൽക്കുന്ന ഇടുക്കി ഡിസിസിയും ഈ നീക്കത്തിന് പിന്തുണ നൽകുന്നു. ജോസഫ് വിഭാഗത്തിന് ജയസാധ്യതയുള്ള സ്ഥാനാർഥിയില്ലെന്നും ദേശീയ നേതൃത്വവും വിലയിരുത്തുന്നു. 14 ന് ഇക്കാര്യം ജോസഫിനെ അറിയിക്കും.
സംയുക്ത കേരള കോൺഗ്രസിന് അനുവദിച്ച സീറ്റ് ഇത്തവണ ജോസഫ് വിഭാഗത്തിന് നൽകുന്നതിൽ യുക്തിയില്ലെന്ന് കെ സുധാകരനെയും വി ഡി സതീശനെയും ആദ്യഘട്ടത്തിൽ തന്നെ കോട്ടയം ഡിസിസി അറിയിച്ചതാണ്. പിന്നീട് വരുന്ന രാജ്യസഭാ, നിയമസഭാ തെരഞ്ഞെടുപ്പു വേളകളിലൊന്നിൽ ജോസഫ് വിഭാഗത്തിനോട് അനുഭാവ സമീപനം കാണിക്കാമെന്നാണ് ഇക്കൂട്ടരുടെ വാദം. സ്ഥാനാർഥി നിർണയ സമിതിയിലുള്ള വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഈ വാദത്തിനൊപ്പമാണ്.
സീറ്റ് നിർണയത്തിന്റെ അവസാന ഘട്ടത്തിലും കോൺഗ്രസ് കടുംപിടിത്തം തുടരുന്നതിൽ ജോസഫ് വിഭാഗത്തിലും ആശങ്കയുണ്ട്. ‘ നിങ്ങളുടെ സ്ഥാനാർഥിയെ പറയൂ’ എന്ന കോൺഗ്രസ് ആവശ്യത്തിന് ഇതുവരെ മറുപടി നൽകാനുമായിട്ടില്ല. പരമാവധി സീറ്റിൽ കോൺഗ്രസ് മത്സരിക്കണന്നെ ദേശീയ നയമാണ് ചെന്നിത്തല പ്രചരിപ്പിക്കുന്നത്. ചെറുകക്ഷികൾ ഡൽഹിയിലെത്തിയാൽ എന്തുസമീപനവും സ്വീകരിക്കാമെന്നതും കോൺഗ്രസ് കാണുന്നു. കഴിഞ്ഞ ദിവസം എൻ കെ പ്രേമചന്ദ്രനുണ്ടായ ക്ഷണവും നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയും കോൺഗ്രസ് ഗൗരവമായാണ് കാണുന്നത്.
സുധാകരനും ജോസഫ് വിഭാഗത്തിന് സീറ്റ് കൊടുക്കാൻ താൽപര്യമില്ല. സതീശനെ കൂടി മെരുക്കി സീറ്റ് പിടിച്ചെടുക്കാനാണ് നീക്കം. യുവ നേതാക്കൾക്ക് മത്സരാവസരം നൽകാൻ ഈ പരീക്ഷണമാകാമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നിലപാട്. ജോസഫ് വിഭാഗത്തിലും മത്സരമോഹികളുടെ തർക്കം മുറുകുകയാണ്. ഫ്രാൻസിസ് ജോർജ് സജീവമാകുമ്പോഴും വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. ഈ സാഹചര്യവും കോൺഗ്രസ് എടുത്തുകാട്ടുന്നു. ജോസഫോ മകനോ മത്സരിക്കട്ടെയെന്നായിരുന്നു ആദ്യഘട്ടത്തിലെ കോൺഗ്രസ് നിലപാട്. മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥൻ എം പി ജോസഫും മത്സരിക്കണമെന്ന കടുംപിടിത്തത്തിലാണ്. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ പരസ്യമായി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയിൽ പോയി കേന്ദ്രമന്ത്രിയായതും കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥിയായതും വർക്കിങ് ചെയർമാൻ പി സി തോമസിനെതിരെ എതിരാളികൾ ആയുധമാക്കുന്നു.