മലപ്പുറം: മാത്യു കുഴൽനാടനെതിരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയെന്ന് പികെ ഫിറോസ്. മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിനാണ് തന്നെ ജയിലിൽ ഇട്ടത്. മാത്യു കുഴൽനാടൻ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് ഒരു മറുപടിയും ഇല്ല. വിമർശനം ഉന്നയിക്കുന്നവർക്കെതിരെ കേസ് എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ കസ്റ്റഡി കൊലപാതകം ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു. താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്ത കാര്യം എസ്‌പി മുതൽ സിഐ വരെ ഉള്ളവർക്ക് അറിയാമായിരുന്നു. ചേളാരിയിൽ നിന്നും അറസ്റ്റ് ചെയ്തയാളെ തേഞ്ഞിപ്പലം സ്റ്റേഷനിൽ കൊണ്ടുവരാതെ താനൂർ സ്റ്റേഷനിൽ കൊണ്ടുവരാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താമിർ ജിഫ്രിയെ താനൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്തിനെന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താലേ മനസിലാകൂ. കസ്റ്റഡി കൊലക്കേസിൽ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമം. മയക്കു മരുന്ന് കണ്ടെടുത്തത്തിലും ദുരൂഹതയുണ്ട്. ഡാൻസഫ് സംഘം മയക്കു മരുന്ന് നേരത്തെ കൊണ്ട് വെച്ചതാണോ എന്ന് സംശയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥർക്കുണ്ടായ മറ്റെന്തോ വൈരാഗ്യത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്തതെന്ന് സംശയിക്കുന്നു. എസ് പി യെ ഒരു നിലക്കും സസ്‌പെൻഡ് ചെയ്യില്ലെന്ന സംസ്ഥാന സർക്കാർ നിലപാടും ഡിവൈഎഫ്ഐ പ്രവർത്തകർ കേസിൽ സാക്ഷികളായതും ദുരൂഹമാണ്. മലപ്പുറം ജില്ലയെ മയക്കുമരുന്ന് കേസുകൾ കൂടുതലുള്ള ജില്ലയാക്കി കാണിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി വി അൻവർ എംഎൽഎ കൊലക്കേസ് പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു. ആ കേസിൽ അദ്ദേഹത്തെ വെറുതെ വിട്ടതിനെതിരെ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിലാണ്. നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണ് അൻവർ. ഭരണം ഉണ്ടെങ്കിൽ എന്തും ആകാം എന്നാണ് സ്ഥിതി. സമൂഹത്തിൽ അവമതിപ്പുള്ളയാളെ എതിർത്ത് അൻവറിന്റെ ചീത്തപ്പേര് മാറ്റാനാണ് ശ്രമം. അതാണ് ഷാജൻ സ്കറിയയുടെ കാര്യത്തിൽ സംഭവിച്ചദതെന്നും പികെ ഫിറോസ് പറഞ്ഞു.