തിരുവനന്തപുരം: .കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻ.ഡി.എക്ക് അനുകൂലമെന്ന് വൈസ് ചെയർമാൻ പി.കെ കൃഷ്ണദാസ്. ലോകസഭ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യസഖ്യം ഒറ്റക്കെട്ടായി പോരാടും. അതിന് വേണ്ട റോഡ് മാപ്പ് സംസ്ഥാന നേതൃയോഗം ആസൂത്രണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും ദുർബലമായിരിക്കുകയാണ്. എൽ.ഡി.എഫിൻ്റെ പൊന്നാനി സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. മുസ്ലിം ലീഗിൻ്റെ സ്ഥാനാർഥിയായി ഇ.ടി മുഹമ്മദ് ബഷീർ നിൽക്കില്ലെന്ന ഉറപ്പ് സി.പി.എം സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് നൽകിയെന്നാണ് പറയുന്നത്. ലീഗ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത് എ.കെ.ജി സെൻ്ററാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മലപ്പുറത്തും പൊന്നാനിയിലും സി.പി.എം ലീഗിന് വോട്ട് ചെയ്യും. മറ്റിടങ്ങളിൽ ലീഗ് സി.പി.എമ്മിന് വോട്ട് ചെയ്യും. കോൺഗ്രസ് ഇതിന് മറുപടി പറയണം.
വർഗീയവാദികളെയും തീവ്രവാദികളെയും പ്രീണിപ്പിക്കാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നത്. രണ്ട് മുന്നണികളും അശ്ലീല മുന്നണികളായി മാറി. കേരളത്തിലെ ജനങ്ങൾ 400 സീറ്റ് നേടുന്ന എൻ.ഡി.എക്കൊപ്പമാണ് നിൽക്കുക. 40 സീറ്റ് കിട്ടുന്ന ഇണ്ടി മുന്നണിയെ മലയാളികൾ കൈവിടുമെന്നുറപ്പാണ്. എല്ലാ ലോകസഭ മണ്ഡലങ്ങളിലും എൻ.ഡി.എ കൺവെൻഷൻ നടത്തുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഉഭയകക്ഷി ചർച്ച പൂർത്തിയായതായെന്ന് കൺവീനർ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. എല്ലാ ഘടകകക്ഷികളും ഉന്നയിച്ച ആവശ്യങ്ങൾ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പത്മകുമാർ, ശിവസേന അധ്യക്ഷൻ പേരൂർക്കട ഹരികുമാർ, കെ.കെ.സി സംസ്ഥാന അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, എൻ.കെ.സി അധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്.ജെ.ഡി അധ്യക്ഷൻ വി.വി രാജേന്ദ്രൻ, ജെ.ആർ.പി അധ്യക്ഷ സി.കെ ജാനു, എൽ.ജെ.പി(ആർ) അധ്യക്ഷൻ രാമചന്ദ്രൻ പി.എച്ച്, ആർ.എൽ.ജെ.പി നേതാവ് നിയാസ് വൈദ്യരത്നം തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.