റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ചെങ്കടൽ തീരത്തെ ജിദ്ദയെ ലോകത്തെ മികച്ച നഗരമാക്കാൻ പദ്ധതി. ഇതിനായി ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അതോറിറ്റിക്ക് അംഗീകാരം നൽകിയത്. അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ്.
മക്ക ഗവർണർ, മക്ക ഡെപ്യൂട്ടി ഗവർണർ, സാംസ്കാരിക മന്ത്രി, ജിദ്ദ ഗവർണർ, വാണിജ്യ മന്ത്രി, ടൂറിസം മന്ത്രി, പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ഗവർണർ, എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-സുൽത്താൻ, ജിദ്ദ മേയർ എന്നിവരെ അതോറിറ്റി അംഗങ്ങളാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജിദ്ദ വികസന അതോറിറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും മക്ക ഗവർണറും ഡെപ്യൂട്ടി ഗവർണറും ജിദ്ദ മേയറും നന്ദി അറിയിച്ചു.
ജിദ്ദ ഗവർണറേറ്റ് പ്രോജക്ട് ഓഫീസിനെ ജിദ്ദ വികസന അതോറിറ്റിയായി മാറ്റാനുള്ള ഉത്തരവ് തീർഥാടകരുടെ കവാടമായ ജിദ്ദ നഗരത്തിന്റെ ചരിത്രപരമായ നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു.