ന്യൂഡൽഹി: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറുന്നതിൽ നിർണായക പങ്കു വഹിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ നയിച്ച അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. 2011 മുതൽ സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന അഡ്വ. മനോഹർ ലാൽ ശർമയുടെ ഹരജിയാണ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.
അണ്ണാ ഹസാരെക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ക്രമക്കേട് നടന്ന ഫണ്ട് അടിസ്ഥാനപരമായി എൻ.ജി.ഒ (സർക്കാറിതര സന്നദ്ധ സംഘടന)കൾക്ക് ഉള്ളതായിരുന്നില്ലേ എന്ന് ചീഫ് ജസ്റ്റിസ് ശർമയോട് ചോദിച്ചു. 31,000 എൻ.ജിഒകൾ പണം വാങ്ങിയെന്നും അണ്ണാ ഹസാരെ സർക്കാറിൽ നിന്ന് ദശലക്ഷങ്ങൾ സ്വീകരിച്ചുവെന്നും സാവന്ത് കമ്മിറ്റി പോലും പ്രൊസിക്യൂഷൻ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശർമ ബോധിപ്പിച്ചു.
കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്നും നിയന്ത്രണത്തിനുള്ള ചട്ടക്കൂടിനെ കുറിച്ച് കേന്ദ്ര സർക്കാറിന് അറിയിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ അഭിപ്രായം താൻ തേടാമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ നടരാജ് കോടതിയോട് പറഞ്ഞു.