പാലക്കാട്: ഏകജാലകം വഴി ജില്ലയിൽ പ്ലസ്വണിന് അപേക്ഷിച്ചത് 44,722 വിദ്യാർഥികൾ. ഇതിൽ 41,556 പേർ സംസ്ഥാന സിലബസിൽ എസ്.എസ്.എൽ.സിക്ക് പാസായവരും 1898 പേർ സി.ബി.എസ്.ഇ വിദ്യാർഥികളുമാണ്. ഐ.സി.എസ്.ഇ സിലബസിൽ പത്താംക്ലാസ് പരീക്ഷ പാസായ 124 പേരും അപേക്ഷകരായുണ്ട്. സ്പോർട്സ് േക്വാട്ടയിൽ അപേക്ഷിച്ചത് 861പേർ.
തിങ്കളാഴ്ച വൈകീട്ട് അപേക്ഷ സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോഴുള്ള കണക്കാണിത്. ജില്ലയിൽ സയൻസിൽ 11,991ഉം ഹ്യുമാനിറ്റീസിൽ 6,171ഉം കോമോഴ്സിൽ 7,536ഉം ഉൾപ്പെടെ ജില്ലയിലെ ആകെ 25,698 മെറിറ്റ് സീറ്റുകളേയുള്ളു.മാനേജ്മെന്‍റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ഉൾപ്പെടെയുള്ള നോൺ മെറിറ്റ് സീറ്റുകൾ 8,689, സ്പോർട്സ് േക്വാട്ട 662 എന്നിങ്ങനെയാണ് മറ്റു സീറ്റുകൾ. സീറ്റ് ക്ഷാമം പരിഹരിക്കാൻ ജില്ലയിലേക്ക് അനുവദിച്ച താൽക്കാലിക ബാച്ചുകളിലൂടെ ലഭിക്കുന്ന സീറ്റുകൾ 910 മാത്രം.
25,698 മെറിറ്റ് സീറ്റുകൾ ഉൾപ്പെടെ ജില്ലയിൽ ആകെ 34,387 സീറ്റുകളേയുള്ളു. അധികം ലഭിക്കുന്ന 910 സീറ്റുകൾകൂടി ചേർത്താലും അപേക്ഷിച്ചവരുടെ എണ്ണം വെച്ച് പതിനായിരത്തോളം കുട്ടികൾ സീറ്റുകിട്ടാതെ സ്കൂളിന്‍റെ പടിക്ക് പുറത്താവും. അൺ എയ്ഡഡിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകേണ്ടതിനാൽ പാവപ്പെട്ട കുട്ടികൾ പ്രതിസന്ധിയിലാകും.