തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് (വെള്ളിയാഴ്ച) ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും. സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സർക്കാർ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. 2022 – 23 അധ്യയന വർഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും. സ്കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്ത്രോൽസവം നവംബറിൽ എറണാകുളത്ത് നടക്കും. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
സംസ്ഥാനത്ത് 21 സ്കൂളുകൾ മിക്സഡാക്കിയിട്ടുണ്ട്. പാഠ പുസ്തകങ്ങളിൽ ജെൻഡർ ഓഡിറ്റിംഗ് നടത്തും. ജെൻഡർ യൂണിഫോം വിഷയത്തില്‍ സർക്കാരിന് നിർബന്ധ ബുദ്ധിയില്ല. പൊതുവേ സ്വീകാര്യമായ യൂണിഫോം മതി. ക്ലാസുകളിലും ക്യാമ്പസിലും കുട്ടികൾ മൊബൈൽ ഉപയോഗിക്കരുത്. ഇതു സംബന്ധിച്ച് കൊവിഡ് കാലത്ത് നൽകിയ ഇളവ് നീക്കിയിട്ടുണ്ട്. മൊബൈൽ ഉപയോഗo കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. സ്കൂൾ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികൾക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നേരത്തെയും പറഞ്ഞിരുന്നു. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകൾക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്സഡ് സ്കൂളുകൾ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിർദ്ദേശിച്ചാൽ മാത്രം മിക്സഡ് സ്കൂളുകളാക്കി മാറ്റും. സംസ്ഥാന സ്കൂൾ കലാമേള ജനുവരിയിൽ കോഴിക്കോട് നടത്താനും തീരുമാനിച്ചു. നവംബറിൽ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കായികമേള.
സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിൽ നിർദേശം ഉയർന്നിരുന്നു. ആൺ-പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജൻഡർ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ നിർദേശം മുന്നോട്ടുവച്ചത്. ലിംഗ നീതിക്കായി ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് നിർദേശം. എസ്‍സിഇആർടി തയ്യാറാക്കിയ കരട് റിപ്പോർട്ടിലാണ് ഈ നിർദേശം മുന്നോട്ടു വച്ചത്.