കൽപ്പറ്റ: വയനാട് തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചതായി പരാതി. ഒണ്ടയങ്ങാടി സ്വദേശി ജോയലാണ് മർദനമേറ്റതിനെ തുടർന്ന് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ ബുധനാഴ്ച സ്കൂളിൽ വെച്ചാണ് ജോയലിന് തലയ്ക്കും മുഖത്തും മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാർത്ഥികളായ 6 പേർക്കെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു. തടഞ്ഞുവെച്ച് മർദിച്ചതിനുള്ള വകുപ്പ് പ്രകാരമാണ് കേസ്. എന്നാൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ് ചോദ്യം ചെയ്തതിനാണ് മർദനമേറ്റതെന്ന് ജോയൽ പറഞ്ഞു. ആരോപണ വിധേയരായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് മാറ്റി നിർത്തി. സ്കൂളിലെ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട് പോലീസിന് ഉടൻ കൈമാറുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.












