തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള വിജ്ഞാപനം ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റിനുശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തുക. മൂന്നാംഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 32,469 പേരുണ്ട്. ഈ സീറ്റുകളും മൂന്നാം അലോട്ട്മെന്‍റിൽ ഒഴിവുണ്ടായിരുന്ന 1153 സീറ്റുകളും ചേർത്തായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റ്.
31 വരെ മെറിറ്റ് സീറ്റിൽനിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതുവഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിക്കും.അതേസമയം, പ്ലസ് വൺ പ്രവേശനം നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയാണെന്ന് വി. ശിവൻകുട്ടി അറിയിച്ചു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ വർഷങ്ങളായി തുടർന്നുവരുന്നവയാണ്. ബോണസ് പോയന്‍റുകൾ കുറച്ചു കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമിച്ചിട്ടുള്ളത്.
മുൻ വർഷങ്ങളിൽ 18 പോയന്‍റ് വരെ ബോണസായി നൽകിയിരുന്നത് 10 ആക്കി നിജപ്പെടുത്തി. നീന്തലിന് നൽകിക്കൊണ്ടിരുന്ന ബോണസ് പോയന്‍റ് നിർത്തലാക്കിയത് ഇതിനുദാഹരണമാണ്. ഏറെ മാനദണ്ഡങ്ങൾ പരിഗണിച്ചശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയുമൊക്കെ പരിഗണിക്കുന്നത്. തുല്യ മാർക്ക് വരുന്നവരെ പരിഗണിക്കുമ്പോഴാണ് മറ്റു ഘടകങ്ങൾ പരിഗണിക്കാൻ നിർബന്ധിതരാകുന്നത്.
പി.എസ്.സി പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും. പരമാവധി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്‍റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.