തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ബുധനാഴ്ച പുനഃരാരംഭിക്കും. കെമിസ്ട്രി മൂല്യനിർണയത്തിനായുള്ള പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. പുതിയ ഉത്തരസൂചിക അനുസരിച്ചു മാത്രമേ കെമിസ്ട്രി മൂല്യനിർണയം നടത്താവൂ എന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഒന്നാം മൂല്യനിർണയം നടത്തിയ കെമിസ്ട്രി ഉത്തരക്കടലാസുകളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് വിശദമായ സർക്കുലർ പിന്നീട് പുറത്തിറക്കും.
എല്ലാ അധ്യാപകരും മൂല്യനിർണയ ക്യാംപിൽ എത്തണം. പ്രായോഗിക പരീക്ഷകൾ ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കാനുള്ള നടപടികൾ ജില്ലാ ചീഫുമാർ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. പ്ലസ്ടു കെമിസ്ട്രി ചോദ്യക്കടലാസ് വിഷമം പിടിച്ചതായിരുന്നെന്നും അക്ഷരത്തെറ്റ് ഉണ്ടായിരുന്നെന്നുമാണ് ഒരു വിഭാഗം അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. ഉത്തരസൂചികയിലും പ്രശ്നങ്ങളുള്ളതായി ആക്ഷേപമുയർന്നു.
ഉത്തരങ്ങളിലെ വൈവിധ്യം പരിഗണിക്കാതെയാണ് ഉത്തരസൂചിക തയാറാക്കിയതെന്നും ഇതു മാറ്റാതെ മൂല്യനിർണയം നടത്തില്ലെന്നും ഒരു വിഭാഗം അധ്യാപകർ നിലപാടെടുത്തു. തുടർച്ചയായി മൂന്നു ദിവസം പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയ ക്യാംപ് അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. തുടർന്ന്, ഉത്തരസൂചിക അന്തിമമാക്കാൻ നിയോഗിച്ച 12 അധ്യാപകര്‍ക്ക് സർക്കാർ മെമ്മോ നൽകി. കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധിച്ചു തയാറാക്കി നൽകാൻ 15 അധ്യാപകരെയും നിയോഗിച്ചു.