കോഴിക്കോട്: മൊബൈൽ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ പരാതി നൽകിയ പെൺകുട്ടിയും പിതാവും ഒൻപത് മാസമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നു. കോഴിക്കോട് നടക്കാവിലാണ് സംഭവം. പരാതിയിൽ നടപടി എടുത്ത് പ്രതിയെ പിടിച്ചില്ലെന്ന് മാത്രമല്ല, പരിശോധനയ്ക്കായി വാങ്ങിയ ഫോൺ ഇതുവരെ പൊലീസ് തിരികെ നല്‍കിയിട്ടുമില്ല. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ ദേഹപരിശോധന കൂടി നടത്തമെന്ന ആവശ്യമാണ് പൊലീസ് ഇപ്പോൾ ഉന്നയിക്കുന്നതെന്ന് രക്ഷിതാവ് ആരോപിച്ചു.
2022 ജനുവരി 23ന് രാത്രിയാണ് പതിനേഴുകാരിയുടെ മൊബൈലിലേക്ക് ടെലിഗ്രാം വഴി ഒരാൾ അശ്ലീല ദൃശ്യങ്ങൾ അയച്ചത്. തൊട്ടുത്ത ദിവസം പെൺകുട്ടിയും അച്ഛനും നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി പെൺകുട്ടിയുടെ ഐ ഫോണും പൊലീസ് വാങ്ങി. എന്നാൽ മാസം പത്ത് കഴിയുമ്പോഴും കേസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മാത്രമല്ല, മൊബൈൽ ഫോണും പൊലീസിന്‍റെ കയ്യിലാണ്. കണ്ണൂരിലെ റീജിണൽ ലാബിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് പരാതിക്കാർക്ക് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.
പോക്സോ നിയമപ്രകാരം കേസ് എടുത്തതിനാൽ ദേഹപരിശോധന, നിയമപ്രകാരം അനിവാര്യമാണെന്ന് നടക്കാവ് പൊലീസ് പറയുന്നു. ഇപ്പോൾ അതിനായി പരാതിക്കാരെ നിർബന്ധിക്കുകയാണ്. സമാന സ്വഭാവമുള്ള കേസുകൾ വർഷങ്ങളായി കെട്ടിക്കിടക്കുന്നതിനാൽ പരാതിയിൽ നടപടിയും ഫോൺ ഉടനെ തിരികെ കിട്ടാനുള്ള സാധ്യതയും കുറയുകയാണ്.