മൂന്നാർ: പ്രണയം നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി ജൂനിയർ വിദ്യാർഥിയെ കഴുത്തിന് കുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർത്ഥി പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കുത്തിയത്. പെൺകുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. കഴുത്തിലും കൈക്കും പരിക്കേറ്റ പെൺകുട്ടിയെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയെ കോലഞ്ചേരി ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇരുവരും മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്കൂളിലെ വിദ്യാർത്ഥികളാണ്.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിൽ വീടിനു സമീപത്ത് ഇറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ വിദ്യാർഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടു പോയി. പിൻഭാഗത്തെ ശുചി മുറിയുടെ സമീപം ഇവർ സംസാരിച്ചു നിൽക്കുന്നതിനിടയിൽ പ്രകോപിതനായ വിദ്യാർഥി കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയെ കുത്തുകയായിരുന്നു. വീടിനു സമീപം കാത്തു നിൽക്കുകയായിരുന്ന അമ്മ ശരീരം മുഴുവൻ രക്തമൊലിച്ച നിലയിൽ ഓടി വരുന്ന മകളെയാണ് കണ്ടത്. അലറി വിളിച്ച അമ്മ അയൽക്കാരെയും കൂട്ടി പെൺകുട്ടിയെ മൂന്നാറിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി ഓടിപ്പോകുന്നതു കണ്ട പ്ലസ്ടു വിദ്യാർഥി ആക്രമിക്കാൻ ഉപയോഗിച്ച കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു.
കൈത്തണ്ടയിലും സ്വയം പരിക്കേൽപ്പിച്ച് ദേഹമാസകലം രക്തം പടർന്നതോടെ അടുത്തുള്ള ഒരു തോടിനു സമീപം വീണു. രക്തമൊലിച്ചു നിന്ന വിദ്യാർഥിയുടെ സമീപത്തേക്ക് എത്തുവാൻ നാട്ടുകാർ ആദ്യം ഭയന്നെങ്കിലും പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നാർ ഡിവൈ.എസ്.പി കെ ആർ മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.